അടിമാലി: ലക്ഷംവീട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ പൂർണമായി തകർന്നത് ഒൻപതു വീടുകളാണ്. ഒരു വീടിന് ഭാഗീകമായും കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച്ച രാത്രി പത്തരയോടെ ഭയാനകമായ ശബ്ദത്തോടെയായിരുന്നു ദേശീയപാതയോരത്തുനിന്നു മണ്ണിടിഞ്ഞ് വീടുകൾക്ക് മേൽ പതിച്ചത്. നിനച്ചിരിക്കാതെ എത്തിയ ദുരന്തമായതിനാൽ ഉടുതുണിയല്ലാതെ മറ്റൊന്നും ഈ കുടുംബങ്ങൾക്ക് സുരക്ഷിതസ്ഥലത്തേക്ക് മാറ്റാൻ പോലും കഴിഞ്ഞില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ദേശീയപാത -85ൽ അടിമാലി ലക്ഷംവീട് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അത് വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പായിരുന്നുവെന്ന് ആരും കരുതിയില്ല. വീടുകളിൽനിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറുവാൻ പറഞ്ഞപ്പോഴും താത്കാലികമായി വീടുകളിൽനിന്ന് മാറിയപ്പോഴും ഇങ്ങനൊരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആരും കരുതിയില്ല.
പലവീടുകളുടെയും മേൽക്കൂരകൾ മാത്രം മണ്ണിന് മുകളിൽ തെളിഞ്ഞ് നിൽപ്പുണ്ട്. വീടിരുന്ന സ്ഥലമെവിടെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥ. രാത്രി ഭയനകമായ ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും വ്യക്തമായിരുന്നില്ല. വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു. സമയം പിന്നിട്ടതോടെയാണ് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി പ്രദേശവാസികൾക്കും ഒപ്പം പുറം ലോകത്തിനും വ്യക്തമായത്.
ഇത്രത്തോളം നഷ്ടം ആദ്യം
അടിമാലി: ദേശീയപാത - 85ന്റെ നവീകരണം ആരംഭിച്ച ശേഷം വിവിധയിടങ്ങളിൽ ഇതിനോടകം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്രവലിയ തോതിൽ മലയിടിച്ചിൽ ഉണ്ടാകുന്നതും നാശനഷ്ടം സംഭവിക്കുന്നതും ആദ്യമായാണ്. മൂന്നാർ മുതൽ പൂപ്പാറ വരെയുള്ള ദേശീയപാത നവീകരണത്തിനിടെ ഗ്യാപ്പ് റോഡിൽ സമാനരീതിയിൽ മുന്പ് മലയിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. മൂന്നാർ മുതലുള്ള ദേശിയപാത -85ന്റെ നവീകരണജോലികൾക്ക് തുടക്കം കുറിച്ചിട്ട് രണ്ട് വർഷത്തോടടുക്കുകയാണ്.
നിർമാണ ജോലികൾ ആരംഭിച്ച ശേഷം രണ്ട് മഴക്കാലങ്ങൾ പിന്നിട്ടു. പാതയോരത്തുനിന്ന് മണ്ണ് നീക്കിയും സംരക്ഷണ ഭിത്തി നിർമിച്ചുമൊക്കെയുള്ള നവീകരണജോലികളാണ് പുരോഗമിക്കുന്നത്. പാതയുടെ വീതി വർധിപ്പിക്കുവാൻ മണ്ണ് നീക്കിയ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. പോയ രണ്ട് മഴക്കാലങ്ങളിലും വീടുകളടക്കം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. ഒരിക്കൽ നിർമാണത്തൊഴിലാളി മണ്ണിടിച്ചിലിൽ അകപ്പെട്ടു. പക്ഷെ നിർമാണജോലികൾക്കിടെ ഇത്രത്തോളം വലിയ തോതിൽ മണ്ണിടിഞ്ഞ് ദുരന്തം സംഭവിക്കുന്നത് ആദ്യമായാണ്.
അശാസ്ത്രീയമായി മണ്ണ് നീക്കിയതാണ് മലയിടിച്ചിലിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇടിഞ്ഞെത്തിയ മണ്ണ് വലിയ തോതിൽ ദേശീയപാതയിൽ കൂടിക്കിടക്കുകയാണ്.മണ്ണിടിച്ചിൽ ദുരന്തസാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു.
ഒഴിവായത് വലിയ ദുരന്തം
അടിമാലി ലക്ഷം വീട് പ്രദേശത്തുനിന്നു കുടുംബങ്ങളെ ഇന്നലെത്തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ ഒഴിവായത് വലിയ ദുരന്തമാണ്. മണ്ണിടിച്ചിലിൽ വിറങ്ങലിച്ച് നിൽക്കുന്പോഴും കൂടുതൽ മനുഷ്യജീവനുകൾക്ക് അപകടം സംഭവിക്കാത്തതിന്റെ ആശ്വാസം പ്രദേശവാസികളുടെ മുഖങ്ങളിൽ ഉണ്ട്. 25 ഓളം കുടുംബങ്ങളെയായിരുന്നു ഇന്നലെ മണ്ണിടിച്ചിൽ സാധ്യത മുന്പിൽ കണ്ട് പ്രദേശത്തുനിന്നു മാറ്റിയത്. ഇന്നലെ വരെ ജീവിച്ച പ്രദേശം ഒരു വലിയ മണ്കൂനയായി മാറിയതിന്റെ ഞെട്ടലിലാണ് എല്ലാവരും. തീരാ നോവായി ഒരാളുടെ ജീവൻ നഷ്ടമാവുകയും ചെയ്തു.
അടിമാലി സർക്കാർ ഹൈസ്കൂളിൽ ക്രമീകരിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പിലേക്കായിരുന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മണ്ണിടിച്ചിലിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. വലിയൊരു ദുരന്തമുണ്ടാകുമെന്ന പ്രതീക്ഷയില്ലാതിരുന്നതിനാലും വൈകാതെ വീടുകളിലേക്ക് തിരികെയെത്താമെന്ന് കരുതിയിരുന്നതിനാലും വളർത്തുമൃഗങ്ങളെ ആളുകൾ സുരക്ഷിത ഇടത്തേക്ക് മാറ്റിയിരുന്നില്ല.
ജീവൻ തിരികെ ലഭിച്ചെങ്കിലും മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടമായ കുടുംബങ്ങൾ സാധാരണ ജീവിതം തിരികേപിടിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. വീട്ടുസാധനങ്ങളും വസ്ത്രങ്ങളും രേഖകളുമൊക്കെ മണ്ണിനടിയിൽ പുതഞ്ഞുപോയി. ഒരു മനുഷ്യായുസിൽ അധ്വാനിച്ചുണ്ടാക്കിയതെല്ലാം മണ്കൂന ഒപ്പിയെടുത്തു.